Kalliyankattu Neeli (Melamkode Neelapilla Esakki Amman)

Kalliyankattu Neeli
കള്ളിയങ്കാട്ട് നീലി (നീലാപിള്ള ഇശക്കി അമ്മൻ )
#KalliyankattuNeeli
കൊല്ലവർഷം 30-കളിൽ തെക്കൻതമിഴകത്തിലെ പഴകന്നൂർ ദേശത്ത് വാണിരുന്ന ഒരു ദേവദാസിയായ കാർവേണിയുടെ പുത്രിയാണ് അല്ലി. സുന്ദരിയായ അവൾ മേലാംകോട് ശിവക്ഷേത്രത്തിലെ പൂജാരിയായ നമ്പിയുമായി പ്രണയത്തിലായി. പിന്നീട് അവരുടെ വിവാഹവും നടന്നു. എന്നാൽ ദുർന്നടപ്പുകാരനായ ആയാൾ ധനം മോഹിച്ചാണ് അവളെ വിവാഹം ചെയ്തത്. മരുമകന്റെ ദുർന്നടപ്പിലും ധൂർത്തിലും മനം നൊന്ത് കാർവേണി അയാളെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കി. ഇതറിഞ്ഞ അല്ലിയും അദ്ദേഹത്തോടൊപ്പം വീട് വിട്ടിറങ്ങി. വഴിമധ്യേ നാഗർകോവിൽ പാർവ്വതിപുരത്തിനടുത്തുള്ള പഞ്ചവൻകാട്ടിൽ വച്ച് സ്വന്തം മടിയിൽ തലവെച്ചുറങ്ങിയ അല്ലിയെ ആഭരണങ്ങൾ മോഷ്ടിക്കാനായി നമ്പി തലയിൽ കല്ലുകൊണ്ടടിച്ചു കൊന്നു. കള്ളിച്ചെടികൾ വളർന്നു നിന്ന സ്ഥലത്തു വച്ചാകയാൽ "എനിക്ക് സംഭവിച്ച ഈ ദുർഗതിക്ക്‌ കള്ളിച്ചെടികളെ നിങ്ങളാണ് സാക്ഷി എന്ന് പറഞ്ഞു കൊണ്ടാണ് അല്ലി സ്വശരീരം വെടിഞ്ഞത്. അല്ലിയെ തിരക്കി വന്ന അനുജൻ അമ്പി ഈ രംഗം കണ്ട് തല തല്ലി മരിച്ചു.
ഇവർ രണ്ടു പേരും രക്തരക്ഷസുകളായി മാറി. അല്ലിയെ കൊന്നിട്ട് നമ്പി ആഭരണങ്ങളെല്ലാം പൊട്ടകിണറ്റിനകത്ത് സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു ഇതെടുക്കാൻ വന്ന നമ്പിയെ കിണറ്റിനകത്തു വച്ച് കരിമൂർഖൻ കടിച്ചു. കോപത്തോടെ നമ്പിയെ കൊല ചെയ്യുവാൻ യക്ഷിയായി പാഞ്ഞടുത്ത അല്ലിക്ക് നമ്പി മരിച്ചു കിടക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അല്ലി പ്രാർത്ഥനയോടെ കൈലാസത്തു ചെന്ന് പരമശിവനെ പ്രത്യക്ഷപ്പെടുത്തി. കുപിതനായ പരമശിവൻ ബ്രാഹ്മണായ നമ്പി അടുത്ത ജന്മം ചെട്ടിവംശത്തിൽ പിറക്കട്ടെ എന്ന് ശപിച്ചു. കൂടാതെ അടുത്ത ജന്മത്തിൽ നമ്പിയുടെ മരണം അല്ലിയുടെ കൈ കൊണ്ടാകും എന്ന് വരവും നൽകി. ശേഷം അല്ലിക്കും അമ്പിക്കും പുനർജ്ജന്മം നൽകി അനുഗ്രഹിച്ചു.
രണ്ടു പേരും പുനർജന്മമായി ചോളരാജാവിന്റെ കുട്ടികളായി - നീലനും നീലിയും ആയി ജനിക്കുന്നു. തുടർന്ന് രാജ്യത്തിലുടനീളം ദുർനിമിത്തങ്ങൾ കാണപ്പെടുകയുണ്ടായി. പ്രധാനമായും കന്നുകാലികൾ രാത്രിയിൽ നഷ്ടപ്പെടുകയുണ്ടായി. ജ്യോത്സ്യരെ വിളിച്ചു വരുത്തിയ രാജാവിന് ഇതിനു കാരണം കുട്ടികളാണെന്നും ഇവർ സാധാരണ മനുഷ്യ കുട്ടികളല്ല എന്ന് മനസ്സിലായി. ചോളരാജാവ് കുട്ടികളെ ചോളരാജ്യത്തിന്റെ തെക്കേ അതിർത്തിയായ നാഗർകോവിലിനു സമീപമുള്ള പഞ്ചവങ്കാട്ടിൽ ഉപേക്ഷിച്ചു. ശേഷം പഞ്ചവൻകാടായി ഇവരുടെ വിഹാരകേന്ദ്രം. കള്ളിക്കാടുകൾ നിറഞ്ഞ പ്രദേശത്തു വിഹരിച്ച നീലി കള്ളിയങ്കാട്ട് നീലിയായി ഗ്രാമത്തിലെ ജനങ്ങൾക് ഉപദ്രവങ്ങൾ സൃഷ്ടിച്ചു. ഗ്രാമത്തിലെ പുരുഷന്മാരെ നീലി വധിക്കുകയും പഞ്ചവൻകാട്‌ എന്ന് കേൾക്കുമ്പോൾ തന്നെ വിറയ്ക്കാത്തവരായി ആരുമില്ല എന്ന സ്ഥിതി വന്നു. പഞ്ചവൻകാട്ടിലെ കള്ളിയങ്കാട്ടു നീലിയായി പ്രസിദ്ധിയാർജ്ജിച്ച നീലി പ്രതികാരത്തോടെ തന്റെ ഘാതകനെ തിരക്കി നടന്നു. തുടർന്ന് നീലിയുടെ ഉപദ്രവം സഹിക്കവയ്യാതെ നാട്ടിലെ എഴുപത് ഊരാണ്മക്കാർ ചേർന്ന് മാന്ത്രികനായ നാഗർകോവിൽ നമ്പിയെ വരുത്തി നീലനെ ആവാഹിച്ചു തളച്ചു. എന്നാൽ അദ്ദേഹത്തിനു നീലിയെ തളയ്ക്കാൻ ആയില്ല. ഇതിനിടയിൽ നാഗർകോവിൽ നമ്പിയെ തന്ത്രപൂർവം നീലി കൊലപ്പെടുത്തി. കാവേരിപൂംപട്ടണത്തിൽ ആനന്ദൻ എന്ന പേരിൽ ചെട്ടികുലത്തിൽ ജന്മമെടുത്ത നമ്പിയുടെ ജാതകത്തിൽ യക്ഷിയാൽ മരണം പ്രവചിച്ചിരുന്നു. അത് കൊണ്ടു മാന്ത്രികനായ അച്ഛൻ ചെട്ടിയാർക്ക് നാലും കൂടിയ മുക്കിൽ രാത്രി പോകരുത്, ചുണ്ണാമ്പ് ചോദിച്ചാൽ കൊടുക്കരുത്,ചുണ്ണാമ്പ് കൊടുക്കേണ്ടി വന്നാൽ കത്തിയിൽ വച്ച് കൊടുക്കണം, വീണ്ടും വിളിച്ചാൽ തിരിഞ്ഞു നോക്കരുത് ഇങ്ങനെ ഉപദേശങ്ങൾ നൽകി. ഇതിനിടയിൽ ചെട്ടിയാർ പഞ്ചവൻകാട് വഴി മുസിരിസ്സിലേക്ക് വളകച്ചവടത്തിനായി പോകുന്ന വഴിക്കു നാലും കൂടിയ മുക്കിൽ വച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടുമുട്ടുന്നു. യക്ഷിയായ നീലിയുടെ മായയിൽ കുടുങ്ങിയ ചെട്ടിയാർ യക്ഷിക്ക് തന്റെ കയ്യിലുള്ള വളകൾ സമ്മാനിക്കുന്നു. പത്ത് കൈകളും കാട്ടിയ യക്ഷിയുടെ കൈകളിൽ ചെട്ടിയാർ പലതരം വളകൾ അണിയിക്കുന്നു. തുടർന്ന് നീലി ചുണ്ണാമ്പ് ചോദിക്കുമ്പോളാണ് ചെട്ടിയാർക്ക് അപകടം മനസ്സിലാകുന്നത്. പരിഭ്രമിച്ചു ചുണ്ണാമ്പ് കൈയിൽ വച്ച് നീട്ടിയ ചെട്ടിയാരുടെ കയ്യിൽ നീലി കയറി പിടിക്കുന്നു. മാന്ത്രികനായ അച്ഛൻ നൽകിയ മാന്ത്രികദണ്ഡുണ്ടായിരുന്ന ചെട്ടിയാരെ തൊടാൻ നീലിക്ക് കഴിഞ്ഞില്ല. അയാൾ ഓടി പഴകന്നൂർ ഗ്രാമത്തിലെത്തി. ഇതിനിടയിൽ യക്ഷി കള്ളികൊമ്പു ഒടിച്ചെടുത്ത്‌ മായ കാട്ടി ഒരു കുട്ടിയാക്കി മാറ്റി സ്ത്രീ രൂപം ധരിച്ച് തന്റെ ഭർത്താവ് താനുമായി വഴക്കിട്ട് ഓടിപ്പോവുകയാണെന്ന് ഗ്രാമവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. അയാൾ യക്ഷിയാണ് അതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. അവർ പരീക്ഷിക്കാനായി കൂട്ടമായിരുന്ന്‌ കുട്ടിയെ നടുവിൽ വിട്ടു കുട്ടി കൃത്യമായി ചെട്ടിയാരുടെ മടിയിലും ചെന്നിരുന്നു. അതോടെ നീലിയുടെ പക്ഷം ചേർന്ന ഊരാണ്മക്കാർ അവരെ ഒരു വീട്ടിൽ അടച്ചു.ചെട്ടിയാർക്ക് അപകടം സംഭവിച്ചാൽ ഊരാണ്മക്കാർ എഴുപതുപേരും അയാളോടൊപ്പം മരിക്കുമെന്നും സത്യം ചെയ്തു. ശേഷം രാത്രി ഇവരുടെ സംസാരം ഒളിച്ചിരുന്ന് ശ്രദ്ധിച്ചവർക്ക് നീലിയുടെ താരാട്ടു പാട്ടും പ്രണയ സംഭാഷണങ്ങളുമാണ് കേൾക്കുവാൻ കഴിഞ്ഞത്. അന്ന് രാത്രി പ്രതികാരദാഹിയായ നീലി ഉഗ്രരൂപിയായി ചെട്ടിയാരുടെ വയർ പിളർന്നു കുടൽമാല കഴുത്തിൽ അണിഞ്ഞു രക്തം കുടിച്ചു വധിക്കുന്നു. അർദ്ധരാത്രി കള്ളിപ്പാലിൽ നഞ്ച് ചേർത്ത് മായയാൽ തൈരാക്കി മാറ്റിയ നീലി അതു കുടിപ്പിച്ചു ഊരാണ്മക്കാരെ വധിച്ചു. ശേഷം ചെട്ടിയാരുടെ ഗർഭിണിയായ രണ്ടാം ഭാര്യയായ ചെമ്പകവല്ലിയെ കൊന്ന്‌ വയർ പിളർന്നു ജീവനോടെ കുട്ടിയെ പുറത്തെടുത്തു. തന്റെയും തന്റെ സഹോദരന്റെയും മരണത്തിനു കാരണക്കാരനായ ചെട്ടിയാരെയും എഴുപത് ഊരാണ്മക്കാരേയും വധിച്ചതിനാൽ നീലിയുടെ കോപം ശമിച്ചു. ശേഷം തെറ്റൊന്നും ചെയ്യാത്ത ചെമ്പകവല്ലിയെ കൊന്നതിൽ പശ്ചാത്തപിച്ച നീലി പരമശിവനെ പ്രാർത്ഥിച്ചു പ്രത്യക്ഷപെടുത്തുകയും മഹാദേവൻ ഇനി മേലിൽ ആരെയും ഉപദ്രവിക്കില്ലായെന്നും അഭയം തേടി വരുന്നവരെ സംരക്ഷിക്കുമെന്നും കള്ളി ചെടിയെ തൊട്ട് സത്യം ചെയ്ത നീലിയ്ക്ക് ഭദ്രകാളി ദേവിയുടെ ശക്തി നൽകുകയും ചെമ്പകവല്ലിയ്ക്കു പാർവതി ദേവിയുടെ ശക്തി നൽകുകയും ചെയ്തു. വരം നേടി ദേവതമാരായി മാറിയ ഇരുവരും അനിയത്തിയും ചേച്ചിയുമായി ഇന്നും തക്കല കുമാരകോവിലിന് അടുത്തുള്ള മേലാംകോട് ശിവക്ഷേത്രത്തിൽ (8-ാം ശിവാലയം) മേലാംകോട്ടമ്മയായി വാഴുന്നു. ഇശക്കി അമ്മൻ എന്ന പേരിൽ ആരാധിക്കുന്നത് കള്ളിയങ്കാട്ടു നീലിയെ ആണ്. മുപ്പന്തൽ, മേലാംകോട്, തൈക്കാട്, ഈഴക്കോട് ഇവയൊക്കെ പേരുകേട്ട ഇശക്കി അമ്പലങ്ങളാണ്.
Nb: കടമറ്റത്തു കത്തനാരുമായി ബന്ധപ്പെട്ട ഒരു കഥ പ്രചാരത്തിൽ ഉണ്ട്. കത്തനാർ തളച്ചത് പരുമല യക്ഷിയെ ആണ്. ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ പനയന്നാർകാവ് ഭഗവതി ക്ഷേത്രവുമായി ബന്ധപെട്ട കഥയാണ് ഇത്. പ്രേംനസീർ അഭിനയിച്ച കള്ളിയങ്കാട്ടു നീലി എന്ന സിനിമയിൽ നീലിയുടെ പേരിന് പ്രസിദ്ധി കൂടുതൽ ആയതിനാലാകണം ആ പേര് ഉപയോഗിച്ചത്. ചുരുക്കത്തിൽ കള്ളിയങ്കാട്ടു നീലിയും കത്തനാരച്ചന്റെ കഥയും തമ്മിൽ ഒരു ബന്ധവും ഇല്ല.
Arun Mohan Giri

Comments

Post a Comment